നാലുമണിയ്ക്ക്
കൂട്ടമണിയടിയ്ക്കും
കുട്ടികൾ കൂട്ടത്തോടെ
പുറത്തേയ്ക്ക്
പുസ്തകങ്ങളടുക്കുന്നതായി
നടിച്ച്
നീയും
ഞാനും
മറിയാമ്മേടത്തി
താഴുമായെത്തുംമുമ്പേ
ഇറുക്കിപിടിച്ചുള്ള
നിന്റെയുമ്മകൾ
താഴിന്റേയുംചാവികളുടേയും
കിലുക്കമെത്തുമ്പോൾ
ഒരോട്ടമാണ്
വലതുവശത്തെ ജാനാലചാടി
നീയും
9-B യുടെ പിൻവാതിലിലൂടെ
ഞാനും
ഓടിയോടി
വീട്ടിലെത്തും
മുഖം
കിതച്ചുതുടുത്തിരിയ്ക്കും
കവിളിലെ വിയർപ്പുതുള്ളിയിലൊലിച്ച്
ചുണ്ടിലേയ്ക്കുമ്മകളൊഴുകുന്നുണ്ടാകും
ഓടിക്കിതച്ചതെന്നു കരുതി
ഓടരുതെന്നമ്മ മുഖം തുടയ്ക്കും
എത്ര തുടച്ചിട്ടും
അന്ന്
നീ വിതച്ച
ഉമ്മകളൊക്കെയും
ഇന്നും
അമ്മുവിന്റെ സ്കൂളിലെ
അവസാന കൂട്ടമണിയിൽ
നാലുമണിപ്പൂക്കളായി
വിടരുന്നുണ്ട്
Thursday, November 12, 2009
Subscribe to:
Posts (Atom)