Wednesday, March 18, 2009

ശീലക്കുട

കാലങ്ങളായി
കൈമാറിവന്നതാണ്‌.

വെയിലും മഴയും
നിഷിദ്ധമെന്നപോലെ,
അപ്പന്റെ ചൂരലിന്റെ
ചൂടാറാത്തയോര്‍മ്മകള്‍വിടര്‍ന്നപോലെ,
കുഞ്ഞുമോഹങ്ങളെയതിന്റെ
ആസ്മത്തണലിന്നതിരുകളിലടക്കി
ഒഴിയാബാധയായി
നിവര്‍ന്നുപടര്‍ന്നുമുരണ്ടുകാലന്‍കുട.


ശ്വാസംമുട്ടിപ്പിടഞ്ഞിരിയ്ക്കെ
നിയന്ത്രണംവിട്ടോരുമാത്രയില്‍
കുടയൊടിച്ച്‌
തോട്ടിലെറിഞ്ഞൊരൊറ്റയോട്ടം:
ജ്വലിയ്ക്കുന്ന പകലിനുമീതേ
കോരിച്ചൊരിയുന്ന മഴയ്ക്കുകുറുകെ
ഹര്‍ഷോന്മാദഹൃദയവുമായി......

തിരിഞ്ഞുനോക്കിയിട്ടില്ല
പിന്നീടൊരിയ്ക്കലും;
'അപ്പന്റെ ശീലക്കുടയൊടിച്ചവനെ'ന്ന
മുരളലും മോങ്ങലും
പലര്‍ക്കുമിപ്പോഴുമുണ്ടെങ്കിലും.........

2 comments:

പട്ടേപ്പാടം റാംജി said...

വായിച്ചു. നന്നായിരിക്കുന്നു.

ശ്രീഇടമൺ said...

മനോഹരമായ കവിത!!
ആശംസകള്‍...*