Monday, January 12, 2009

പരമാവധി സംഭവിയ്ക്കാവുന്നത്‌

ഇസ്രായേൽ
‍അതിന്റെ സര്‍വ്വ ആസക്തികളോടുംകൂടെ
പാലസ്തീനെ പ്രാപിയ്ക്കുകയാണ്‌.

പ്രതിഷേധിയ്ക്കാതെ വയ്യ.

നഗരത്തിന്റെ
തെക്കെയറ്റം മുതല്‍ വടക്കേയറ്റംവരെ
നടത്തിയ റാലിയില്‍,
ഇസ്രായേലിനെതിരെ
ശാന്തമായ വഴികളിലൂടെ
കുരച്ചലറിനടന്നു.

അപ്പോഴും
പാലസ്തീന്‍
ചങ്കുപൊട്ടി നിലവിളിച്ചുകൊണ്ടേയിരുന്നു.......

കൊടുംചൂടാണ്‌ പുറത്ത്‌.
വീട്ടീല്‍ തിരിച്ചെത്തി,
ഫ്രിഡ്ജില്‍നിന്നും
തണുത്തൊരു ബിയറെടുത്ത്‌ മോന്തി;
വല്ലാത്തൊരാശ്വാസം.

അപ്പോഴും
ഇസ്രായേല്‍ ടാങ്കുകള്‍
നീണ്ടനാക്കും നീട്ടി
ചോര നക്കിക്കുടിച്ചുകൊണ്ടേയിരുന്നു.....

കുളിച്ച്‌ ഫ്രഷായി
സോഫയില്‍ ചാഞ്ഞിരുന്ന്‌
ചാനലുകളോരോന്നായി മാറ്റി.
ദൈവമേ,
ഇന്നാണല്ലോ മെഗാസ്റ്റാറിന്റെ
ഉച്ചാടനപര്‍വ്വം;
ആരൊക്കെയാണാവോ പുറത്താവുക?

അപ്പോഴും
പാലസ്തീനില്‍
മൃത്യുമേഖല ശക്തിപ്രാപിച്ചുകൊണ്ടേയിരുന്നു........

റിയാലിറ്റി ഷോ കഴിഞ്ഞ്‌
കണ്ണീരൊപ്പി,
കോഴിക്കറിയും ചപ്പാത്തിയും കഴിച്ച്‌
കുടുംബപ്രാര്‍ത്ഥന നടത്തി
കെട്ടിപ്പിടിച്ചുറങ്ങാന്‍ കിടന്നു.

അപ്പോഴും
ജൂതവെടിയുണ്ടകള്‍
ജീവിതങ്ങള്‍ തുളച്ചുകൊണ്ടേയിരുന്നു.....

10 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“കുഞ്ഞേ നീ പൊറുക്കുക
ഇസ്രാഈലിനോട്,
ഹമാസിനോട്,
പിന്നെ എല്ലാമൊരു
പതിവു കാഴ്ചയെന്ന പോല്‍
നിസ്സംഗനായ് പത്രത്താള്‍
മറിക്കുന്ന എന്നോടും.“

വികടശിരോമണി said...

ഞെട്ടിച്ചു!

പൊട്ട സ്ലേറ്റ്‌ said...

നന്നായിരിക്കുന്നു !.

Appu Adyakshari said...

യുദ്ധങ്ങളും പ്രകൃതിക്ഷോഭങ്ങളും ഇല്ലാത്ത രാജ്യങ്ങളില്‍ താമസിക്കുവാന്‍ അവസരം ലഭിച്ചിരിക്കുന്നവരാണ് ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാന്മാര്‍.

Rejeesh Sanathanan said...

ഇതൊക്കെ കാണുമ്പോള്‍ നാം ചിന്തിക്കണം...നമ്മളെത്ര ഭാഗ്യവാന്മാരാണെന്ന്......നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് തോക്കിന്‍ കുഴലുകള്‍ക്ക് മുന്‍പില്‍ തരിച്ചുനില്‍ക്കേണ്ട ഗതികേടെങ്കിലുമില്ലല്ലോ..

നഗ്നന്‍ said...

രാമചന്ദ്രൻ, വികടശിരോമണി, പൊട്ട സ്ലേറ്റ്‌,അപ്പു, മാറുന്ന മലയാളി
നന്ദി.

Anil cheleri kumaran said...

നല്ല പോസ്റ്റ്.

Rare Rose said...

നിസംഗത...ഒന്നും നമ്മളെ ബാധിക്കാത്തിടത്തോളം കാലം എടുത്തണിയാമല്ലോ..കൊള്ളാം ട്ടോ...

Manoj മനോജ് said...

"ദിവ്യഗര്‍ഭവും,
ദിവ്യശിശുവും,
ദിവ്യാത്ഭുതങ്ങളും
ഓരോരുത്തരുടെ വിശ്വാസ ഇഷ്ടങ്ങളാണ്‌.
വിശ്വാസങ്ങളെന്നത്‌,
ഒരാള്‍
വളര്‍ന്നുവരുന്ന സാഹചര്യങ്ങളുമായി
ഒരുപാട്‌ ബന്ധപ്പെട്ടുകിടക്കുന്നതും.
അതുകൊണ്ടുതന്നെ,
മറ്റൊരാളുടെ വിശ്വാസങ്ങളെ
നമുക്കുള്‍ക്കൊള്ളാന്‍
സാധിയ്ക്കണമെന്നില്ല.
അതുപോലെ നമ്മുടെ വിശ്വാസങ്ങളെ
മറ്റുള്ളവര്‍ക്കും.

ഉള്‍ക്കൊള്ളാന്‍
സാധിയ്ക്കാത്തതുകാരണം
അവരുടെ വിശ്വാസങ്ങള്‍
എഴുതിത്തള്ളേണ്ടവയാണെന്ന്‌
വാവിട്ടുകരയുന്നതെന്തിനാണ്‌ ?"
കടപ്പാട്: നഗ്നന്‍

shaan said...

നന്നായിരിക്കുന്നു നഗ്നന്‍
ആശയവും
ആവിഷ്കരിച്ചിരിക്കുന്ന ശൈലിയും ഇഷ്ടപ്പെട്ടു