Friday, November 7, 2008

ഞാന്‍_നിന്റേതുമാത്രമാകണമെങ്കില്‍_....


നീയെന്നെ
സ്വന്തമാക്കാനാഗ്രഹിയ്ക്കുന്നുവെങ്കില്‍,
ഒരു മഴതൂവല്‍
ഭൂമിയിലേയ്ക്കെന്നപോലെ വരിക;
ആകാശത്തിന്റെ
അനന്തശുദ്ധമനസ്സുമായി വരിക;
നിന്നെപ്പുണരാനായി
ഭൂമിയോളംപോന്നൊരു ഹൃദയവുമായി
ഞാനിവിടെ കാത്തിരിപ്പുണ്ടാകും.


പക്ഷെ,
എന്റെ ഹൃദയംതുരന്ന്‌
കടലിലേയ്ക്കൊഴുകാമെന്നോ,
നീരാവിയായി
സൂര്യനെ പുണരാമെന്നോ
വ്യാമോഹിയ്ക്കുന്നുവെങ്കില്‍,
ഒന്നോര്‍ക്കുക:
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളില്‍പോലും
ഞാന്‍ അതീവസ്വാര്‍ത്ഥനാണ്‌.


അതുകൊണ്ട്‌,
നീയെന്നിലേയ്ക്ക്‌ പെയ്തിറങ്ങുമ്പോള്‍,
‍വഴിവക്കിലെ മഴവില്ലിനെ
ഇടങ്കണ്ണിട്ട്‌ മോഹിയ്ക്കാതെ,
മലയുടെയാകാരത്തില്‍
മതിമറക്കാതെ,
ഇലകളില്‍
മാദകനൃത്തമാടാതെ,
പൂക്കളിൽമുത്തമിടാതെ,
പുല്‍ക്കൊടിത്തുമ്പില്‍
ഇക്കിളിക്കുമിളയാകാതെ.....,


നിന്റെ കണ്ണുകളില്‍
എന്നെമാത്രം നിറച്ച്‌,
ഹൃദയത്തില്‍
എന്നെമാത്രം നിനച്ച്‌,
എന്നിലേയ്ക്കൊരു
മഴരാഗമായി
മെല്ലെമെല്ലെ പെയ്തിറങ്ങുക..........

5 comments:

ഉപാസന || Upasana said...

അങ്ങിനെയാകട്ടെ നഗ്നാ‍ാ‍ാ.
തഥാസ്തു..!
:-)
ഉപാസന

നരിക്കുന്നൻ said...

നഗ്നാ‍,
അപ്പോ ഭൂമി മൊത്തം വെലക്കെടുത്തു അല്ലേ..

വളരെ നല്ല വരികൾ. ഇനിയും വായിക്കാൻ തോന്നുന്നു..വീണ്ടും വീണ്ടും

നഗ്നന്‍ said...

ഉപാസന,
പരസ്പരം അങ്ങിനെതന്നെയാകണം,
ബന്ധങ്ങളവസാനിയ്ക്കുന്നതുവരെയെങ്കിലും....

നഗ്നന്‍ said...

നരിക്കുന്നാ,
വളരെ നന്ദി.

വരവൂരാൻ said...

മനോഹരമായ വരികൾ, ആശംസകളോടെ