Wednesday, September 17, 2008

പ്രപഞ്ചത്തിന്റെ നിറം

ചുടുനിശ്വാസങ്ങളേറ്റ്‌,
വാനവിതാനങ്ങളില്‍
നീലമേഘങ്ങള്‍
പരക്കുന്നു.....

കണ്ണീര്‍ത്തുള്ളികള്‍ വീണ്‌,
കടല്‍പ്പരപ്പില്‍
നീലച്ചുഴികള്‍
പിറക്കുന്നു.....

Thursday, September 11, 2008

മഴ-മെയില്‍

തന്നെ ആരാണു
സ്വപ്നം കാണുന്നതെന്നു തിരഞ്ഞ്‌,
‍മരുഭൂമി മുഴുവനും താണ്ടി.

സൂര്യന്‍
അവള്‍ക്കു നേരെ
കണ്ണൊന്ന് ചിമ്മി,
മാനം വഴി
ഒരു മെയില്‍ അയച്ചു.

Wednesday, September 10, 2008

ബുദ്ധന്റെ ശാപം

ശൈശവത്തിന്റെ വിരലുപേക്ഷിച്ച
അച്ഛനെ മകന്‍ ശപിക്കുന്നു

പാതിവഴിയിലുപേക്ഷിച്ച പതിയെ
പത്നി ശപിക്കുന്നു

സഹായമറ്റ വാ‍ർദ്ധക്യം
പുത്രനെ ശപിക്കുന്നു.


ആശ്വാസത്തിനായി
തന്നിലേക്കു തിരിയവേ
‍ആശ പാപമെന്നു
അവനുമവനെ ശപിക്കുന്നു.


വളവ് തിരിഞ്ഞ്
ഒരു കാഷായ വസ്ത്രം
എങ്ങോ മറയുന്നു.........