Friday, January 23, 2009

കൂണുകള്‍


അക്ഷരങ്ങളുടെ ആകാശത്തുനിന്നും തോരാത്ത പെരുമഴ മഴയില്‍ക്കുതിര്‍ന്നോര്‍ക്കിടിവെട്ടേല്‍ക്കുമ്പോള്‍,
മുളച്ചുപൊന്തുന്നത്‌ ദശവര്‍ണ്ണക്കൂണുകള്‍.

Thursday, January 22, 2009

കവിതകൾ

[1] ദശപുഷ്പം

അന്തരീക്ഷത്തിലെ പാപകണങ്ങള്‍
നീണ്ടമുടിനാരിഴയിലൂടെ
തലച്ചോറിലെത്തി
ദേഹമാസകലം പെറ്റുപെരുകുന്നു.....
അതുകൊണ്ടാകാം
അവര്‍
ദശപുഷ്പം മുടിയില്‍ ചൂടുന്നത്‌.





[ദശപുഷ്പം പാപനാശകമാണെന്നാണ്‌ വിശ്വാസം.
ധനുമാസ തിരുവാതിരയിലും,കര്‍ക്കിടകത്തിലും
സ്ത്രീകള്‍ ദശപുഷപം ചൂടാറുണ്ട്‌.]






[2] (നിര്‍)ഭാഗ്യം

'കന്യകയ്ക്ക്‌ പുല്ലിംഗം'
വിടരുന്നകാലത്തേ
എനിയ്ക്കായൊരു
പാപനാശകപുഷപവും വിരിയൂ......

Monday, January 12, 2009

പരമാവധി സംഭവിയ്ക്കാവുന്നത്‌

ഇസ്രായേൽ
‍അതിന്റെ സര്‍വ്വ ആസക്തികളോടുംകൂടെ
പാലസ്തീനെ പ്രാപിയ്ക്കുകയാണ്‌.

പ്രതിഷേധിയ്ക്കാതെ വയ്യ.

നഗരത്തിന്റെ
തെക്കെയറ്റം മുതല്‍ വടക്കേയറ്റംവരെ
നടത്തിയ റാലിയില്‍,
ഇസ്രായേലിനെതിരെ
ശാന്തമായ വഴികളിലൂടെ
കുരച്ചലറിനടന്നു.

അപ്പോഴും
പാലസ്തീന്‍
ചങ്കുപൊട്ടി നിലവിളിച്ചുകൊണ്ടേയിരുന്നു.......

കൊടുംചൂടാണ്‌ പുറത്ത്‌.
വീട്ടീല്‍ തിരിച്ചെത്തി,
ഫ്രിഡ്ജില്‍നിന്നും
തണുത്തൊരു ബിയറെടുത്ത്‌ മോന്തി;
വല്ലാത്തൊരാശ്വാസം.

അപ്പോഴും
ഇസ്രായേല്‍ ടാങ്കുകള്‍
നീണ്ടനാക്കും നീട്ടി
ചോര നക്കിക്കുടിച്ചുകൊണ്ടേയിരുന്നു.....

കുളിച്ച്‌ ഫ്രഷായി
സോഫയില്‍ ചാഞ്ഞിരുന്ന്‌
ചാനലുകളോരോന്നായി മാറ്റി.
ദൈവമേ,
ഇന്നാണല്ലോ മെഗാസ്റ്റാറിന്റെ
ഉച്ചാടനപര്‍വ്വം;
ആരൊക്കെയാണാവോ പുറത്താവുക?

അപ്പോഴും
പാലസ്തീനില്‍
മൃത്യുമേഖല ശക്തിപ്രാപിച്ചുകൊണ്ടേയിരുന്നു........

റിയാലിറ്റി ഷോ കഴിഞ്ഞ്‌
കണ്ണീരൊപ്പി,
കോഴിക്കറിയും ചപ്പാത്തിയും കഴിച്ച്‌
കുടുംബപ്രാര്‍ത്ഥന നടത്തി
കെട്ടിപ്പിടിച്ചുറങ്ങാന്‍ കിടന്നു.

അപ്പോഴും
ജൂതവെടിയുണ്ടകള്‍
ജീവിതങ്ങള്‍ തുളച്ചുകൊണ്ടേയിരുന്നു.....

Monday, January 5, 2009

പരസ്യം

കുടിനീരിനായി
ചെങ്കല്‍മടയിലൊരു
കിണറുകുത്തി.

മുതലപ്പുഴയിലെ
മലിനജലമൊലിച്ചിറങ്ങാതിരിയ്ക്കാൻ
‍ചെങ്കല്ലുകൊണ്ട്‌
ചുറ്റുമതിലുംകെട്ടി.

ഞങ്ങളുടെ
വറ്റാത്ത സ്വപ്നമായിരുന്നു
ആ കിണര്‍.....

പക്ഷേ
ഋതുഭേദങ്ങളില്‍
കിണറിനും വേനലേറ്റു.

അതുകൊണ്ടാകാം,
മുതലപ്പുഴയില്‍നിന്നും
ചുറ്റുമതിലിനടിയിലൂടെ
കിണറുനടത്തിപ്പുകാരൊരു
രഹസ്യച്ചാലുകീറിയത്‌.

ചട്ടുകത്തലയന്‍

പൂന്തോട്ടമെന്ന്‌കരുതി
ഇഴഞ്ഞെത്തിയത്‌
ഉപ്പുപാടത്തിലായിരുന്നു...........







(Bipaliuym എന്ന്‌ ഇംഗ്ലീഷില്‍ വിളിയ്ക്കുന്ന
പരന്ന ശിരസ്സോടുക്കൂടിയ ഒരിനം പുഴുവാണ്‌
ചട്ടുകത്തലയന്‍. വിഷജീവിയല്ല. അതിമൃദുലദേഹം.
സാന്ദ്രത കൂടിയ കറിയുപ്പിലേയ്ക്ക്‌ ദേഹസ്രവങ്ങള്‍
നഷ്ടപ്പെടുമ്പോള്‍ (plasmosis) ചട്ടുകത്തലയന്‍
ചത്തുപോകുന്നു; ഒരുതരം അലിഞ്ഞില്ലാതാകല്‍.)