Wednesday, November 26, 2008

ഇന്നിന്റെ കുട്ടി വിളിച്ചുപറയാത്തത്‌

രാജാവ്‌തന്നെ
തയ്യല്‍ക്കാരനും!

രാജാവിന്റെ രഥയാത്രകളിൽ
‍നാട്ടുവഴികള്‍ക്കെന്നും
മലം മണക്കുന്ന മൗനം.

എങ്കിലും,
മഞ്ഞില്‍ മരവിയ്ക്കുമ്പോഴും
മഴസൂചികള്‍ കുത്തിയിറങ്ങുമ്പോഴും,
വെയിലില്‍ പൊള്ളുമ്പോഴും,
കാറ്റ്‌ മാന്തിക്കീറുമ്പോഴും.....

തിരു'മേനി'
അതറിയാതിരിയ്ക്കുന്നതെങ്ങിനെ......?

Sunday, November 23, 2008

തീവ്രപ്പനി

വംശനാശം നേരിടുന്ന
പനിക്കൂര്‍ക്കസസ്യങ്ങളെ തേടി,
ഗാഗുല്‍ത്താമലയിലും
കൈലാസപര്‍വ്വതനിരകളിലും
അറേബ്യന്‍കുന്നുകളിലും
ഒരുപാടലഞ്ഞു......

ബാക്കിയായത്‌,
തീവ്രപ്പനി പൊള്ളിച്ചുവികൃതമാക്കിയ
ഹൃദയമിടിപ്പുകള്‍ മാത്രം....!

Saturday, November 15, 2008

മാപ്പ്‌

മുറിപ്പെടുത്തിയവന്റെ
മുഖവുംതേടിയുള്ള
പരക്കംപാച്ചിലായിരുന്നു....

തളര്‍ന്നൊടുവില്‍
തലചായ്ക്കാനൊരുങ്ങവേ,
ചിതഗന്ധമുള്ള കാറ്റ്‌
താരാട്ട്‌ മൂളുന്നു;
കൊഴിയാന്‍ തുടങ്ങിയ ജീവിതം,
രക്തക്കറയുള്ളോരു വാക്കുമായി
കാതിലേയ്ക്കിഴയുന്നു.....

Wednesday, November 12, 2008

തുണ്ട്

വേരുകളാണ്ട
ആ തുണ്ട്‌ ഭൂമിയില്‍
എനിക്ക്‌ മുളയ്ക്കാനാവുന്നില്ല

മുളപൊട്ടിയ
ഈ തുണ്ടിലാകട്ടെ
എനിക്ക്‌ വേരുകളുമില്ല...

Friday, November 7, 2008

ഞാന്‍_നിന്റേതുമാത്രമാകണമെങ്കില്‍_....


നീയെന്നെ
സ്വന്തമാക്കാനാഗ്രഹിയ്ക്കുന്നുവെങ്കില്‍,
ഒരു മഴതൂവല്‍
ഭൂമിയിലേയ്ക്കെന്നപോലെ വരിക;
ആകാശത്തിന്റെ
അനന്തശുദ്ധമനസ്സുമായി വരിക;
നിന്നെപ്പുണരാനായി
ഭൂമിയോളംപോന്നൊരു ഹൃദയവുമായി
ഞാനിവിടെ കാത്തിരിപ്പുണ്ടാകും.


പക്ഷെ,
എന്റെ ഹൃദയംതുരന്ന്‌
കടലിലേയ്ക്കൊഴുകാമെന്നോ,
നീരാവിയായി
സൂര്യനെ പുണരാമെന്നോ
വ്യാമോഹിയ്ക്കുന്നുവെങ്കില്‍,
ഒന്നോര്‍ക്കുക:
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളില്‍പോലും
ഞാന്‍ അതീവസ്വാര്‍ത്ഥനാണ്‌.


അതുകൊണ്ട്‌,
നീയെന്നിലേയ്ക്ക്‌ പെയ്തിറങ്ങുമ്പോള്‍,
‍വഴിവക്കിലെ മഴവില്ലിനെ
ഇടങ്കണ്ണിട്ട്‌ മോഹിയ്ക്കാതെ,
മലയുടെയാകാരത്തില്‍
മതിമറക്കാതെ,
ഇലകളില്‍
മാദകനൃത്തമാടാതെ,
പൂക്കളിൽമുത്തമിടാതെ,
പുല്‍ക്കൊടിത്തുമ്പില്‍
ഇക്കിളിക്കുമിളയാകാതെ.....,


നിന്റെ കണ്ണുകളില്‍
എന്നെമാത്രം നിറച്ച്‌,
ഹൃദയത്തില്‍
എന്നെമാത്രം നിനച്ച്‌,
എന്നിലേയ്ക്കൊരു
മഴരാഗമായി
മെല്ലെമെല്ലെ പെയ്തിറങ്ങുക..........

Thursday, November 6, 2008

പട്ടികളുടെ ലോകം


പട്ടിമോങ്ങുന്ന പ്രഭാതത്തിലാണ്‌
ഞാനുണരുന്നത്‌.

എല്ലിന്‍കഷണങ്ങള്‍ക്കായുള്ള
പല്ലു‍കോര്‍ക്കലിനിടയിലാണ്
തീറ്റതേടുന്നത്‌.

ഓരിയിട്ട്
തത്വം വിചാരിക്കുന്ന
സന്ധ്യയിലേയ്ക്കാണ്
കൂടണയുന്നത്.

ഒടുവിലൊന്നു
മയങ്ങിത്തുടങ്ങുമ്പോള്‍,
ഭ്രാന്തന്‍ നായ്ക്കളെന്നെ
പേപിടിച്ചസത്യത്തിലേയ്ക്ക്‌
കുരച്ചോടിയ്ക്കുന്നു.....!

Wednesday, November 5, 2008

പട്ടികളുടെ ലോകം

പട്ടികളോരിയിടുന്ന പ്രഭാതത്തിലാണ്‌
ഞാനുണരുന്നത്‌.

എല്ലിന്‍കഷണങ്ങള്‍ക്കായി
പല്ലുകള്‍കോര്‍ക്കുന്ന
പട്ടികള്‍ക്കിടയിലാണ്‌,
എനിയ്ക്കു തീറ്റതേടേണ്ടത്‌.

പട്ടികള്‍
തത്വവിചാരം മണക്കുന്ന സന്ധ്യയിലാണ്‌
എനിയ്ക്കു കൂടണയേണ്ടത്‌.

ഒടുവിലൊന്നു
മയങ്ങാനൊരുങ്ങുമ്പോള്‍,
ഭ്രാന്തന്‍പട്ടികളെന്നെ
പേപിടിച്ച സത്യത്തിലേയ്ക്ക്‌
കുരച്ചോടിയ്ക്കുന്നു.....!

Monday, November 3, 2008

കലികാലകിളിക്കൂടുകള്‍

അമ്മക്കിളിയുടെ
അടിവയറ,റുത്തിടത്താണോ,
ആധുനികകിളിക്കൂടിന്റെ
അടിസ്ഥാനചുള്ളിക്കമ്പിടാൻ
‍അത്യന്താധുനികാശാരിമാര്‍
‍സ്ഥാനം കണ്ടത്‌?

അമ്മവയറിന്റെ
ചൂടേല്‍ക്കാന്‍ യോഗമില്ലാത്ത
കുഞ്ഞുമുട്ടകളെയോര്‍ത്ത്‌
വിങ്ങിക്കരഞ്ഞപ്പോള്‍....

വിരിയാന്‍
ചൂടുമാത്രം മതിയെങ്കില്‍,
പിന്നെയൊരമ്മയെന്തിനെന്ന്
അത്യന്താധുനികസ്വപ്നക്കാമികള്‍....!

പാവം കുഞ്ഞുമുട്ടകള്‍:
അമ്മയുടെ ചൂടും,
അമ്മയെന്ന ചൂടും
ഒരു സ്വപ്നചൂടുപോലുമാകില്ല,വര്‍ക്കിനി.....!