Wednesday, December 17, 2008

'വൃത്തികെട്ട മനം'

വൃത്തിയും വെടിപ്പും
എന്റെയൊരു weakness ആണ്‌.


ഇന്ന്‌ ശുചീകരണദിനം.


water tank-നുള്ളില്‍
നൂഴ്‌ന്നിറങ്ങി,
360 ഡിഗ്രിയിലൊരു
ശുദ്ധികലശം;


പിന്നെ
bedroom-ലെ
സ്നേഹച്ചുളിവുകള്‍ നിവര്‍ത്തി,
തലയണമന്ത്രങ്ങള്‍ക്കുമീതെ
ചൂടിനിയുമാറാത്ത
പുതപ്പുമടക്കിവച്ച്‌,


ഹാളിലെത്തി,
ചിതറിക്കിടന്ന
കുസൃതിപ്പാട്ടങ്ങളൊക്കെയും
cupboard-ലൊതുക്കി,


മുക്കിലുംമൂലയിലുമുള്ള
ഒരാഴ്ചമാത്രം പ്രായമായ
പൊടിക്കുഞ്ഞുങ്ങള്‍ക്കെല്ലാം
vacuum കൊടുത്ത്‌,


balcony-യുടെ
മങ്ങിയകാഴ്ചകളൊക്കെയും
തുടച്ചുമിനുക്കി,


അവളെയുംകൂട്ടി
അടുക്കളയില്‍
വൃത്തി വേവിച്ചെടുത്ത്‌,


വായില്‍നിന്ന്‌
വീണുണങ്ങിയ കറകളെല്ലാം
wash-basin-ല്‍നിന്നുരച്ചുനീക്കി,


Brush-ഉം Harpic-മായി
കുരുക്ഷേത്രയുദ്ധം നടത്തി
bathroom-ലെ തറയോടുകള്‍ക്കെല്ലാം
രക്തവര്‍ണ്ണം കൂട്ടി,


വൃത്തികേടെല്ലാം പൊതിഞ്ഞുകെട്ടി
Main door തുറന്ന്‌,
ഇടനാഴിയില്‍ സുഖിച്ചുപേക്ഷിച്ചിട്ട
ലഹരിക്കുറ്റികളൊക്കെയും തൂത്തുവാരുമ്പോള്‍,
ആത്മാര്‍ത്ഥമായും
എതിര്‍വശത്തെ അയല്‍ക്കാരനെയോര്‍ത്തു:
'വൃത്തികെട്ട പന്നീടെമോന്‍',


ഒടുവില്‍
വൃത്തികേടിന്റെ ഭാണ്ഢം,
താഴെ,
പ്രസാദത്തിനായി വണങ്ങിനില്‍ക്കുന്ന
'Use Me' ഭക്തന്റെ
ഉദരത്തിലേയ്ക്കിട്ട്‌,
വൃത്തിയുള്ളോരു ചിരിയുമായി
വീട്ടിലേയ്ക്ക്‌........


വാതില്‍തുറന്നതും
വല്ലാത്തൊരു നാറ്റം;


നാലുവയസ്സുകാരനെ വിളിച്ച്‌,
'അപ്പി കഴ്കീട്ട്‌ ശരിയ്ക്കും
കൈകഴുകീല്ലേ'ന്ന്‌
കുസൃതിക്കൈമണക്കുമ്പോള്‍,


'വൃത്തികെട്ട മനം,
അപ്പയിന്ന്‌ brush ചെയ്‌തില്ലാലേ'ന്നവന്‍
മൂക്കുപൊത്തുന്നു.........


ഒന്നും മിണ്ടിയില്ല.


പതുക്കെ
wash-basin-നടുത്തേയ്ക്കുനീങ്ങി,
tooth brush-ല്‍
Colgate-കൊണ്ടൊരു
പുഴുവിനെ സൃഷ്ടിച്ച്‌,
പല്ലായപല്ലിലൊക്കെ
നെടുകേയുംകുറുകേയും ഓടിച്ചുപതപ്പിച്ച്‌,
പതപ്പിച്ചുപതപ്പിച്ച്‌........
.......................................
.......................................

Thursday, December 11, 2008

അവള്‍

കാലത്തെഴുന്നേറ്റപ്പോള്‍
ഇന്നലെയുടെ ദുര്‍ഗന്ധമുണ്ടായിരുന്നില്ല;
എന്നിലൂടവള്‍ കടന്നുപോയിരിയ്ക്കാം....

Saturday, December 6, 2008

മുള്ള്

സ്വര്‍ഗത്തില്‍
സമരം നടത്തിയവര്‍ക്ക്
മണ്ണില്‍ മുള്ളുകളാവട്ടെയെന്ന്
ശാപം

തറച്ചമുള്ളുകള്‍
പുറത്തെടുക്കുവാന്‍
എരുക്കിന്‍പാലത്യുത്തമമെന്ന്
വിഷവൈദ്യന്‍ വര്‍ഗീസ്മാപ്ല

വെറുതേയല്ല തമ്പുരാന്‍
എരുക്കുകള്‍ക്ക്
ശ്മശാനംതന്നെ
പാട്ടത്തിനുകൊടുത്തത്

Thursday, December 4, 2008

നീറ്റല്‍

എന്തെങ്കിലും തരണേയെന്ന്‌
വാതില്‍ക്കലാരോ തേങ്ങിയപ്പോള്‍,
നോട്ടമേറ്റത്‌
ജീവിതംകലങ്ങിയ കണ്ണുകളിലായിരുന്നില്ല;

അവളുടെ നെഞ്ചിലെ
ഒറ്റക്കണ്ണന്‍ മാന്‍പേടകളിലായിരുന്നു.

അന്നെന്റെ
നെറ്റിമുറിച്ച നാണയത്തുട്ട്‌
നെഞ്ചിലിന്നുമുരുളുകയാണ്‌....

Tuesday, December 2, 2008

ഈസ്റ്റര്‍



പരിശുദ്ധത്രിത്വങ്ങൾ‌

‍തലയ്ക്കടിച്ച്‌

വിശ്വാസക്കിണറിലാഴ്ത്തിയ

സത്യകന്യകയ്ക്കിനി

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുകൾ......

Wednesday, November 26, 2008

ഇന്നിന്റെ കുട്ടി വിളിച്ചുപറയാത്തത്‌

രാജാവ്‌തന്നെ
തയ്യല്‍ക്കാരനും!

രാജാവിന്റെ രഥയാത്രകളിൽ
‍നാട്ടുവഴികള്‍ക്കെന്നും
മലം മണക്കുന്ന മൗനം.

എങ്കിലും,
മഞ്ഞില്‍ മരവിയ്ക്കുമ്പോഴും
മഴസൂചികള്‍ കുത്തിയിറങ്ങുമ്പോഴും,
വെയിലില്‍ പൊള്ളുമ്പോഴും,
കാറ്റ്‌ മാന്തിക്കീറുമ്പോഴും.....

തിരു'മേനി'
അതറിയാതിരിയ്ക്കുന്നതെങ്ങിനെ......?

Sunday, November 23, 2008

തീവ്രപ്പനി

വംശനാശം നേരിടുന്ന
പനിക്കൂര്‍ക്കസസ്യങ്ങളെ തേടി,
ഗാഗുല്‍ത്താമലയിലും
കൈലാസപര്‍വ്വതനിരകളിലും
അറേബ്യന്‍കുന്നുകളിലും
ഒരുപാടലഞ്ഞു......

ബാക്കിയായത്‌,
തീവ്രപ്പനി പൊള്ളിച്ചുവികൃതമാക്കിയ
ഹൃദയമിടിപ്പുകള്‍ മാത്രം....!

Saturday, November 15, 2008

മാപ്പ്‌

മുറിപ്പെടുത്തിയവന്റെ
മുഖവുംതേടിയുള്ള
പരക്കംപാച്ചിലായിരുന്നു....

തളര്‍ന്നൊടുവില്‍
തലചായ്ക്കാനൊരുങ്ങവേ,
ചിതഗന്ധമുള്ള കാറ്റ്‌
താരാട്ട്‌ മൂളുന്നു;
കൊഴിയാന്‍ തുടങ്ങിയ ജീവിതം,
രക്തക്കറയുള്ളോരു വാക്കുമായി
കാതിലേയ്ക്കിഴയുന്നു.....

Wednesday, November 12, 2008

തുണ്ട്

വേരുകളാണ്ട
ആ തുണ്ട്‌ ഭൂമിയില്‍
എനിക്ക്‌ മുളയ്ക്കാനാവുന്നില്ല

മുളപൊട്ടിയ
ഈ തുണ്ടിലാകട്ടെ
എനിക്ക്‌ വേരുകളുമില്ല...

Friday, November 7, 2008

ഞാന്‍_നിന്റേതുമാത്രമാകണമെങ്കില്‍_....


നീയെന്നെ
സ്വന്തമാക്കാനാഗ്രഹിയ്ക്കുന്നുവെങ്കില്‍,
ഒരു മഴതൂവല്‍
ഭൂമിയിലേയ്ക്കെന്നപോലെ വരിക;
ആകാശത്തിന്റെ
അനന്തശുദ്ധമനസ്സുമായി വരിക;
നിന്നെപ്പുണരാനായി
ഭൂമിയോളംപോന്നൊരു ഹൃദയവുമായി
ഞാനിവിടെ കാത്തിരിപ്പുണ്ടാകും.


പക്ഷെ,
എന്റെ ഹൃദയംതുരന്ന്‌
കടലിലേയ്ക്കൊഴുകാമെന്നോ,
നീരാവിയായി
സൂര്യനെ പുണരാമെന്നോ
വ്യാമോഹിയ്ക്കുന്നുവെങ്കില്‍,
ഒന്നോര്‍ക്കുക:
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളില്‍പോലും
ഞാന്‍ അതീവസ്വാര്‍ത്ഥനാണ്‌.


അതുകൊണ്ട്‌,
നീയെന്നിലേയ്ക്ക്‌ പെയ്തിറങ്ങുമ്പോള്‍,
‍വഴിവക്കിലെ മഴവില്ലിനെ
ഇടങ്കണ്ണിട്ട്‌ മോഹിയ്ക്കാതെ,
മലയുടെയാകാരത്തില്‍
മതിമറക്കാതെ,
ഇലകളില്‍
മാദകനൃത്തമാടാതെ,
പൂക്കളിൽമുത്തമിടാതെ,
പുല്‍ക്കൊടിത്തുമ്പില്‍
ഇക്കിളിക്കുമിളയാകാതെ.....,


നിന്റെ കണ്ണുകളില്‍
എന്നെമാത്രം നിറച്ച്‌,
ഹൃദയത്തില്‍
എന്നെമാത്രം നിനച്ച്‌,
എന്നിലേയ്ക്കൊരു
മഴരാഗമായി
മെല്ലെമെല്ലെ പെയ്തിറങ്ങുക..........

Thursday, November 6, 2008

പട്ടികളുടെ ലോകം


പട്ടിമോങ്ങുന്ന പ്രഭാതത്തിലാണ്‌
ഞാനുണരുന്നത്‌.

എല്ലിന്‍കഷണങ്ങള്‍ക്കായുള്ള
പല്ലു‍കോര്‍ക്കലിനിടയിലാണ്
തീറ്റതേടുന്നത്‌.

ഓരിയിട്ട്
തത്വം വിചാരിക്കുന്ന
സന്ധ്യയിലേയ്ക്കാണ്
കൂടണയുന്നത്.

ഒടുവിലൊന്നു
മയങ്ങിത്തുടങ്ങുമ്പോള്‍,
ഭ്രാന്തന്‍ നായ്ക്കളെന്നെ
പേപിടിച്ചസത്യത്തിലേയ്ക്ക്‌
കുരച്ചോടിയ്ക്കുന്നു.....!

Wednesday, November 5, 2008

പട്ടികളുടെ ലോകം

പട്ടികളോരിയിടുന്ന പ്രഭാതത്തിലാണ്‌
ഞാനുണരുന്നത്‌.

എല്ലിന്‍കഷണങ്ങള്‍ക്കായി
പല്ലുകള്‍കോര്‍ക്കുന്ന
പട്ടികള്‍ക്കിടയിലാണ്‌,
എനിയ്ക്കു തീറ്റതേടേണ്ടത്‌.

പട്ടികള്‍
തത്വവിചാരം മണക്കുന്ന സന്ധ്യയിലാണ്‌
എനിയ്ക്കു കൂടണയേണ്ടത്‌.

ഒടുവിലൊന്നു
മയങ്ങാനൊരുങ്ങുമ്പോള്‍,
ഭ്രാന്തന്‍പട്ടികളെന്നെ
പേപിടിച്ച സത്യത്തിലേയ്ക്ക്‌
കുരച്ചോടിയ്ക്കുന്നു.....!

Monday, November 3, 2008

കലികാലകിളിക്കൂടുകള്‍

അമ്മക്കിളിയുടെ
അടിവയറ,റുത്തിടത്താണോ,
ആധുനികകിളിക്കൂടിന്റെ
അടിസ്ഥാനചുള്ളിക്കമ്പിടാൻ
‍അത്യന്താധുനികാശാരിമാര്‍
‍സ്ഥാനം കണ്ടത്‌?

അമ്മവയറിന്റെ
ചൂടേല്‍ക്കാന്‍ യോഗമില്ലാത്ത
കുഞ്ഞുമുട്ടകളെയോര്‍ത്ത്‌
വിങ്ങിക്കരഞ്ഞപ്പോള്‍....

വിരിയാന്‍
ചൂടുമാത്രം മതിയെങ്കില്‍,
പിന്നെയൊരമ്മയെന്തിനെന്ന്
അത്യന്താധുനികസ്വപ്നക്കാമികള്‍....!

പാവം കുഞ്ഞുമുട്ടകള്‍:
അമ്മയുടെ ചൂടും,
അമ്മയെന്ന ചൂടും
ഒരു സ്വപ്നചൂടുപോലുമാകില്ല,വര്‍ക്കിനി.....!

Tuesday, October 28, 2008

ദിവ്യബലി

ആളിക്കത്തുന്ന
ആത്മാഹൂതിയുടെ
ആത്മാവിലെന്താണ്‌.....?

രാഷ്ട്രീയാടുക്കളയിലെ
കരിപുരണ്ടുണങ്ങിയ
ചേഷ്ടകളോ....?

അന്യംനിന്നുപോകുന്ന
സാമൂഹ്യനീതിബോധത്തിന്റെ
കലാപാഗ്നിയോ....?

സര്‍വ്വം നഷ്ടപ്പെട്ടവന്റെ
അവസാനസമരമുറയിലേയ്ക്കുള്ള
സ്വയംവിക്ഷേപണമോ....?

നരവംശനിഷേധാത്മകതയ്ക്കു
പിണ്ഢംവയ്ക്കുന്ന
പരിശുദ്ധാനുഷ്ഠാനമോ....?

എന്തുതന്നെയാകട്ടെ,
ദൈനംദിന നൈതികവിഹ്വലതകളുടെ
കൊടുംശൈത്യം
നാം താണ്ടുന്നത്‌,
ആ ദിവ്യാഗ്നിയുടെ
ചിറകിലേറിയാണ്‌......!

ജലഗോളങ്ങള്‍

ജനിച്ചനേരം
അലറിക്കരഞ്ഞ്‌
ജലഗോളങ്ങളുതിര്‍ത്തതെന്തിനെന്ന്,

മണ്ണടിഞ്ഞോരോ നിമിഷവും
ശവക്കുഴി തുരന്ന്,
തലയോട്ടിയാട്ടി
പാടിത്തന്നു....!

www.nagnan.blogspot

ചാവേറുകൾ‌

കടലിലേയ്ക്ക്‌
കരയിറങ്ങുന്നതുകണ്ടാകണം,
ജന്മസിദ്ധമായ തീവ്രതയോടെ
തിരമാലകൾ‍
കരയിലേയ്ക്ക്‌
ആഞ്ഞടിച്ചത്‌.....

കരയുടെ
കരിങ്കല്‍ഭിത്തികളെ
വകവയ്ക്കാതേയും,
ചിലപ്പോൾ‍
ഓര്‍ക്കാതേയും,
ചിലനേരം
അറിയാതേയും,
അലറിവരുന്ന തിരമാലകൾ‍
അടിച്ചുതകരുകയാണ്‌....

Tuesday, October 21, 2008

പറുദീസാ നഷ്ടം

പഴം നീട്ടിയ
സര്‍പ്പത്തിന്റെ
സന്മനസ്സോ?

അത്‌ പകുത്തു നല്‍കിയ
ഹൃദയമോ?

ഹൃദയത്തിനുടമയോ?

ഉദ്യാന ജന്മിയോ?

ഉത്തരവാദിയാരാണ്‌.........?

മഴ-മെയില്‍

തന്നെ ആരാണു
സ്വപ്നം കാണുന്നതെന്നു തിരഞ്ഞ്‌,‍
മരുഭൂമി മുഴുവനും താണ്ടി.

സൂര്യൻ
‍അവള്‍ക്കു നേരെ
കണ്ണൊന്ന് ചിമ്മി,
മാനം വഴി
ഒരു മെയില്‍ അയച്ചു.

Wednesday, September 17, 2008

പ്രപഞ്ചത്തിന്റെ നിറം

ചുടുനിശ്വാസങ്ങളേറ്റ്‌,
വാനവിതാനങ്ങളില്‍
നീലമേഘങ്ങള്‍
പരക്കുന്നു.....

കണ്ണീര്‍ത്തുള്ളികള്‍ വീണ്‌,
കടല്‍പ്പരപ്പില്‍
നീലച്ചുഴികള്‍
പിറക്കുന്നു.....

Thursday, September 11, 2008

മഴ-മെയില്‍

തന്നെ ആരാണു
സ്വപ്നം കാണുന്നതെന്നു തിരഞ്ഞ്‌,
‍മരുഭൂമി മുഴുവനും താണ്ടി.

സൂര്യന്‍
അവള്‍ക്കു നേരെ
കണ്ണൊന്ന് ചിമ്മി,
മാനം വഴി
ഒരു മെയില്‍ അയച്ചു.

Wednesday, September 10, 2008

ബുദ്ധന്റെ ശാപം

ശൈശവത്തിന്റെ വിരലുപേക്ഷിച്ച
അച്ഛനെ മകന്‍ ശപിക്കുന്നു

പാതിവഴിയിലുപേക്ഷിച്ച പതിയെ
പത്നി ശപിക്കുന്നു

സഹായമറ്റ വാ‍ർദ്ധക്യം
പുത്രനെ ശപിക്കുന്നു.


ആശ്വാസത്തിനായി
തന്നിലേക്കു തിരിയവേ
‍ആശ പാപമെന്നു
അവനുമവനെ ശപിക്കുന്നു.


വളവ് തിരിഞ്ഞ്
ഒരു കാഷായ വസ്ത്രം
എങ്ങോ മറയുന്നു.........