Monday, March 30, 2009

ത്‌ഫൂ.....

മുഖത്തുതന്നെ

ലക്ഷ്യബോധമുള്ള
ലെബനീസ്‌പെണ്ണ്‌

എന്നാലും
മാതൃഭാഷയില്‍
മൊഴിഞ്ഞതിത്രവ്യക്തമായവളെങ്ങിനെ......

ഭൂമിയിലെയാണുങ്ങള്‍ക്കെല്ലാം
ഒരൊറ്റയക്ഷരമാലയായിരിയ്ക്കുമോ?

Wednesday, March 18, 2009

ശീലക്കുട

കാലങ്ങളായി
കൈമാറിവന്നതാണ്‌.

വെയിലും മഴയും
നിഷിദ്ധമെന്നപോലെ,
അപ്പന്റെ ചൂരലിന്റെ
ചൂടാറാത്തയോര്‍മ്മകള്‍വിടര്‍ന്നപോലെ,
കുഞ്ഞുമോഹങ്ങളെയതിന്റെ
ആസ്മത്തണലിന്നതിരുകളിലടക്കി
ഒഴിയാബാധയായി
നിവര്‍ന്നുപടര്‍ന്നുമുരണ്ടുകാലന്‍കുട.


ശ്വാസംമുട്ടിപ്പിടഞ്ഞിരിയ്ക്കെ
നിയന്ത്രണംവിട്ടോരുമാത്രയില്‍
കുടയൊടിച്ച്‌
തോട്ടിലെറിഞ്ഞൊരൊറ്റയോട്ടം:
ജ്വലിയ്ക്കുന്ന പകലിനുമീതേ
കോരിച്ചൊരിയുന്ന മഴയ്ക്കുകുറുകെ
ഹര്‍ഷോന്മാദഹൃദയവുമായി......

തിരിഞ്ഞുനോക്കിയിട്ടില്ല
പിന്നീടൊരിയ്ക്കലും;
'അപ്പന്റെ ശീലക്കുടയൊടിച്ചവനെ'ന്ന
മുരളലും മോങ്ങലും
പലര്‍ക്കുമിപ്പോഴുമുണ്ടെങ്കിലും.........

Monday, March 16, 2009

ദിവ്യൗഷധം

മുട്ടയോ
കോഴിയോ.........?


അമ്മയുമച്ഛനും
മാഷും
പള്ളീലച്ചനും ചൊടിച്ചു:
'വലുതാകുമ്പോളറിയാം'

ഒന്നുമാത്രമറിഞ്ഞു:

ചില ചോദ്യങ്ങള്‍
ദിവ്യൗഷധങ്ങളാണ്‌
ഒരിയ്ക്കലും
വയസ്സറിയിക്കില്ല

Thursday, March 12, 2009

യാത്രാസുഖം

തൂങ്ങിക്കിടന്നുള്ള യാത്രയാണ്‌


പിടിവിട്ടുവീഴുമോ
മഴ നനയ്ക്കുമോ
കാലുവഴുതുമോ
മതിലുചാടിയയുദ്യാ‍നക്കൊമ്പുകൾ
മുഖത്തൊലി കവരുമോ
തല പോസ്റ്റിലിടിച്ചുചിതറുമോ
തൂങ്ങുകയാണ്‌
കുറെ കറുത്തസസ്തനികള്‍
മസ്തിഷ്കച്ചില്ലകളില്‍

ഇറങ്ങേണ്ടയിടമാകുമുടനെയെങ്കിലും
അറിഞ്ഞില്ലൊന്നുമാത്രമിതുവരേയും

തൂങ്ങിയാടുന്നസസ്തനികള്‍ക്കിടയില്‍
ഒളിച്ചിരിയ്ക്കയാവാം.

Sunday, March 8, 2009

മറുപാഠം

നിവര്‍ന്നിട്ടില്ലിതുവരെയെങ്കിലും


വാലിലിട്ടുപന്തീരാണ്ടുകൊഴിഞ്ഞിട്ടും
വളയാത്തകുഴലിനെയാരും
കാണാത്തതെന്തേ
പഴിപറയാത്തതെന്തേ...........?

കുളി

പെറ്റുവീണതുമുതല്‍
കുളിപ്പിച്ചുകിടത്തുംവരെ

വായിയ്ക്കുന്തോറും
വെളിവാകുന്നയജ്ഞതപോലെ
കുളിയ്ക്കുന്തോറും
അഴുക്ക്‌

കളിയല്ല ജീവിതം
കുളിയാണ്‌.