ഇസ്രായേൽ
അതിന്റെ സര്‍വ്വ ആസക്തികളോടുംകൂടെ
പാലസ്തീനെ പ്രാപിയ്ക്കുകയാണ്.
പ്രതിഷേധിയ്ക്കാതെ വയ്യ.
നഗരത്തിന്റെ
തെക്കെയറ്റം മുതല്‍ വടക്കേയറ്റംവരെ
നടത്തിയ റാലിയില്‍,
ഇസ്രായേലിനെതിരെ
ശാന്തമായ വഴികളിലൂടെ
കുരച്ചലറിനടന്നു.
അപ്പോഴും
പാലസ്തീന്
ചങ്കുപൊട്ടി നിലവിളിച്ചുകൊണ്ടേയിരുന്നു.......
കൊടുംചൂടാണ് പുറത്ത്.
വീട്ടീല് തിരിച്ചെത്തി,
ഫ്രിഡ്ജില്‍നിന്നും
തണുത്തൊരു ബിയറെടുത്ത് മോന്തി;
വല്ലാത്തൊരാശ്വാസം.
അപ്പോഴും
ഇസ്രായേല്‍ ടാങ്കുകള്‍
നീണ്ടനാക്കും നീട്ടി
ചോര നക്കിക്കുടിച്ചുകൊണ്ടേയിരുന്നു.....
കുളിച്ച് ഫ്രഷായി
സോഫയില്‍ ചാഞ്ഞിരുന്ന്
ചാനലുകളോരോന്നായി മാറ്റി.
ദൈവമേ,
ഇന്നാണല്ലോ മെഗാസ്റ്റാറിന്റെ
ഉച്ചാടനപര്‍വ്വം;
ആരൊക്കെയാണാവോ പുറത്താവുക?
അപ്പോഴും
പാലസ്തീനില്‍
മൃത്യുമേഖല ശക്തിപ്രാപിച്ചുകൊണ്ടേയിരുന്നു........
റിയാലിറ്റി ഷോ കഴിഞ്ഞ്
കണ്ണീരൊപ്പി,
കോഴിക്കറിയും ചപ്പാത്തിയും കഴിച്ച്
കുടുംബപ്രാര്‍ത്ഥന നടത്തി
കെട്ടിപ്പിടിച്ചുറങ്ങാന്‍ കിടന്നു.
അപ്പോഴും
ജൂതവെടിയുണ്ടകള്‍
ജീവിതങ്ങള്‍ തുളച്ചുകൊണ്ടേയിരുന്നു.....