Sunday, March 8, 2009

മറുപാഠം

നിവര്‍ന്നിട്ടില്ലിതുവരെയെങ്കിലും


വാലിലിട്ടുപന്തീരാണ്ടുകൊഴിഞ്ഞിട്ടും
വളയാത്തകുഴലിനെയാരും
കാണാത്തതെന്തേ
പഴിപറയാത്തതെന്തേ...........?

കുളി

പെറ്റുവീണതുമുതല്‍
കുളിപ്പിച്ചുകിടത്തുംവരെ

വായിയ്ക്കുന്തോറും
വെളിവാകുന്നയജ്ഞതപോലെ
കുളിയ്ക്കുന്തോറും
അഴുക്ക്‌

കളിയല്ല ജീവിതം
കുളിയാണ്‌.

Thursday, February 5, 2009

ഈഗോ



മൗനവ്രതം രണ്ടാംദിവസം.

ഈഗോയുടെ കൊടുമുടിയാണവള്‍.

മൗനംമൂത്ത്‌ വട്ടാകുമെന്നായപ്പോള്‍
കവിതയിലഭയംതേടി.
വിഷയം : അവളുടെ ഈഗോ

പറ്റിയയൊരുപമ കണ്ടെത്തണം.

ചിന്തകൾ
‍തലങ്ങുംവിലങ്ങും പാഞ്ഞു;
ഉപമ കിട്ടിയില്ല.

ഒരുണര്‍വ്വിനായി മുഖംകഴുകി
വെറുതെ കണ്ണാടിനോക്കി...........
ഒന്നാന്തരമൊരുപമ തെളിഞ്ഞു.

കവിതയുപേക്ഷിച്ചു.

അവളോട്‌


മിന്നലേറ്റ്‌ കരിഞ്ഞമരം
വാനത്തോടുപുകഞ്ഞതില്‍ക്കവിഞ്ഞൊന്നും
നീയെന്നില്‍നിന്നും വ്യാമോഹിയ്ക്കേണ്ട.....

Friday, January 23, 2009

കൂണുകള്‍


അക്ഷരങ്ങളുടെ ആകാശത്തുനിന്നും തോരാത്ത പെരുമഴ മഴയില്‍ക്കുതിര്‍ന്നോര്‍ക്കിടിവെട്ടേല്‍ക്കുമ്പോള്‍,
മുളച്ചുപൊന്തുന്നത്‌ ദശവര്‍ണ്ണക്കൂണുകള്‍.

Thursday, January 22, 2009

കവിതകൾ

[1] ദശപുഷ്പം

അന്തരീക്ഷത്തിലെ പാപകണങ്ങള്‍
നീണ്ടമുടിനാരിഴയിലൂടെ
തലച്ചോറിലെത്തി
ദേഹമാസകലം പെറ്റുപെരുകുന്നു.....
അതുകൊണ്ടാകാം
അവര്‍
ദശപുഷ്പം മുടിയില്‍ ചൂടുന്നത്‌.





[ദശപുഷ്പം പാപനാശകമാണെന്നാണ്‌ വിശ്വാസം.
ധനുമാസ തിരുവാതിരയിലും,കര്‍ക്കിടകത്തിലും
സ്ത്രീകള്‍ ദശപുഷപം ചൂടാറുണ്ട്‌.]






[2] (നിര്‍)ഭാഗ്യം

'കന്യകയ്ക്ക്‌ പുല്ലിംഗം'
വിടരുന്നകാലത്തേ
എനിയ്ക്കായൊരു
പാപനാശകപുഷപവും വിരിയൂ......

Monday, January 12, 2009

പരമാവധി സംഭവിയ്ക്കാവുന്നത്‌

ഇസ്രായേൽ
‍അതിന്റെ സര്‍വ്വ ആസക്തികളോടുംകൂടെ
പാലസ്തീനെ പ്രാപിയ്ക്കുകയാണ്‌.

പ്രതിഷേധിയ്ക്കാതെ വയ്യ.

നഗരത്തിന്റെ
തെക്കെയറ്റം മുതല്‍ വടക്കേയറ്റംവരെ
നടത്തിയ റാലിയില്‍,
ഇസ്രായേലിനെതിരെ
ശാന്തമായ വഴികളിലൂടെ
കുരച്ചലറിനടന്നു.

അപ്പോഴും
പാലസ്തീന്‍
ചങ്കുപൊട്ടി നിലവിളിച്ചുകൊണ്ടേയിരുന്നു.......

കൊടുംചൂടാണ്‌ പുറത്ത്‌.
വീട്ടീല്‍ തിരിച്ചെത്തി,
ഫ്രിഡ്ജില്‍നിന്നും
തണുത്തൊരു ബിയറെടുത്ത്‌ മോന്തി;
വല്ലാത്തൊരാശ്വാസം.

അപ്പോഴും
ഇസ്രായേല്‍ ടാങ്കുകള്‍
നീണ്ടനാക്കും നീട്ടി
ചോര നക്കിക്കുടിച്ചുകൊണ്ടേയിരുന്നു.....

കുളിച്ച്‌ ഫ്രഷായി
സോഫയില്‍ ചാഞ്ഞിരുന്ന്‌
ചാനലുകളോരോന്നായി മാറ്റി.
ദൈവമേ,
ഇന്നാണല്ലോ മെഗാസ്റ്റാറിന്റെ
ഉച്ചാടനപര്‍വ്വം;
ആരൊക്കെയാണാവോ പുറത്താവുക?

അപ്പോഴും
പാലസ്തീനില്‍
മൃത്യുമേഖല ശക്തിപ്രാപിച്ചുകൊണ്ടേയിരുന്നു........

റിയാലിറ്റി ഷോ കഴിഞ്ഞ്‌
കണ്ണീരൊപ്പി,
കോഴിക്കറിയും ചപ്പാത്തിയും കഴിച്ച്‌
കുടുംബപ്രാര്‍ത്ഥന നടത്തി
കെട്ടിപ്പിടിച്ചുറങ്ങാന്‍ കിടന്നു.

അപ്പോഴും
ജൂതവെടിയുണ്ടകള്‍
ജീവിതങ്ങള്‍ തുളച്ചുകൊണ്ടേയിരുന്നു.....