Monday, March 1, 2010

ജ്ഞാനോദയം

എനിയ്ക്കും
ബുദ്ധനുമിടയിലെ
ഒരാൽമരയകലം

ഭൂമി

ഓരോ ജന്മവും
ഒരു പ്രണയലേഖനം

സ്വർഗ്ഗം
ഭൂമിയ്ക്കയക്കുന്നത്‌

വായിച്ചുകഴിഞ്ഞാൽ
മാറോടമർത്തികിടക്കും

അടുത്തതിനായി
ആർത്തിയോടെ കാത്തിരിയ്ക്കും

മിടിപ്പ്‌

മുഷ്ടിയോളംപോലെയൊന്നിൽ
പ്രപഞ്ചത്തോളംപോലെയൊന്നിന്റെ
നിലയ്ക്കാത്ത മിടിപ്പ്‌

Tuesday, January 19, 2010

മുലഗുരുത്വം









മാനത്തേയ്ക്കെറിഞ്ഞ കല്ല്
താഴെ
ഭൂമിയുടെ മാറിൽ
വീഴുന്നു;



ഭൂഗുരുത്വമെന്ന്
ശാസ്ത്രം .



എങ്കിൽ ,



മുഖത്തേയ്ക്കെറിഞ്ഞ നോട്ടം
താഴെ
മുലകളിൽ
വീഴുമ്പോൾ,

എന്നെ
ഉണ്ടക്കണ്ണുരുട്ടുന്നത്‌
തികച്ചും
അശാസ്ത്രീയമല്ലേ?

Thursday, November 12, 2009

നാലുമണിപ്പൂക്കൾ

നാലുമണിയ്ക്ക്‌
കൂട്ടമണിയടിയ്ക്കും

കുട്ടികൾ കൂട്ടത്തോടെ
പുറത്തേയ്ക്ക്‌

പുസ്തകങ്ങളടുക്കുന്നതായി
നടിച്ച്‌

നീയും
ഞാനും

മറിയാമ്മേടത്തി
താഴുമായെത്തുംമുമ്പേ

ഇറുക്കിപിടിച്ചുള്ള
നിന്റെയുമ്മകൾ

താഴിന്റേയുംചാവികളുടേയും
കിലുക്കമെത്തുമ്പോൾ

ഒരോട്ടമാണ്‌

വലതുവശത്തെ ജാനാലചാടി
നീയും

9-B യുടെ പിൻവാതിലിലൂടെ
ഞാനും

ഓടിയോടി
വീട്ടിലെത്തും

മുഖം
കിതച്ചുതുടുത്തിരിയ്ക്കും

കവിളിലെ വിയർപ്പുതുള്ളിയിലൊലിച്ച്‌
ചുണ്ടിലേയ്ക്കുമ്മകളൊഴുകുന്നുണ്ടാകും

ഓടിക്കിതച്ചതെന്നു കരുതി
ഓടരുതെന്നമ്മ മുഖം തുടയ്ക്കും

എത്ര തുടച്ചിട്ടും

അന്ന്

നീ വിതച്ച
ഉമ്മകളൊക്കെയും

ഇന്നും

അമ്മുവിന്റെ സ്കൂളിലെ
അവസാന കൂട്ടമണിയിൽ

നാലുമണിപ്പൂക്കളായി
വിടരുന്നുണ്ട്‌

Monday, August 31, 2009

കുമ്പസാരം


വഴിയരികിലെ പാപങ്ങളോട്‌
വാവിട്ട്‌ മാപ്പപേക്ഷിയ്ക്കുകയാണ്‌

കാണിച്ച അപരിചിതത്വത്തിനും
കാർക്കിച്ചുതുപ്പിയതിനും
കല്ലെറിഞ്ഞതിനും......

പിഴ
എന്റെ പിഴ
എന്റെ വലിയ പിഴ