Thursday, November 12, 2009

നാലുമണിപ്പൂക്കൾ

നാലുമണിയ്ക്ക്‌
കൂട്ടമണിയടിയ്ക്കും

കുട്ടികൾ കൂട്ടത്തോടെ
പുറത്തേയ്ക്ക്‌

പുസ്തകങ്ങളടുക്കുന്നതായി
നടിച്ച്‌

നീയും
ഞാനും

മറിയാമ്മേടത്തി
താഴുമായെത്തുംമുമ്പേ

ഇറുക്കിപിടിച്ചുള്ള
നിന്റെയുമ്മകൾ

താഴിന്റേയുംചാവികളുടേയും
കിലുക്കമെത്തുമ്പോൾ

ഒരോട്ടമാണ്‌

വലതുവശത്തെ ജാനാലചാടി
നീയും

9-B യുടെ പിൻവാതിലിലൂടെ
ഞാനും

ഓടിയോടി
വീട്ടിലെത്തും

മുഖം
കിതച്ചുതുടുത്തിരിയ്ക്കും

കവിളിലെ വിയർപ്പുതുള്ളിയിലൊലിച്ച്‌
ചുണ്ടിലേയ്ക്കുമ്മകളൊഴുകുന്നുണ്ടാകും

ഓടിക്കിതച്ചതെന്നു കരുതി
ഓടരുതെന്നമ്മ മുഖം തുടയ്ക്കും

എത്ര തുടച്ചിട്ടും

അന്ന്

നീ വിതച്ച
ഉമ്മകളൊക്കെയും

ഇന്നും

അമ്മുവിന്റെ സ്കൂളിലെ
അവസാന കൂട്ടമണിയിൽ

നാലുമണിപ്പൂക്കളായി
വിടരുന്നുണ്ട്‌

Monday, August 31, 2009

കുമ്പസാരം


വഴിയരികിലെ പാപങ്ങളോട്‌
വാവിട്ട്‌ മാപ്പപേക്ഷിയ്ക്കുകയാണ്‌

കാണിച്ച അപരിചിതത്വത്തിനും
കാർക്കിച്ചുതുപ്പിയതിനും
കല്ലെറിഞ്ഞതിനും......

പിഴ
എന്റെ പിഴ
എന്റെ വലിയ പിഴ

Saturday, May 30, 2009

പ്രണയം

സയ്‌നൈഡ്‌പോലെ
ഒരൊറ്റത്തുള്ളി
മറ്റൊരുലോകം

Monday, May 18, 2009

ശാസ്ത്രം

സപ്തവര്‍ണ്ണവൃത്തം


കറക്കിവിടുമ്പോ‍ൾ
വെള്ള

കറക്കത്തിനിടയിലിവിടം വിടുമ്പോള്‍
പുതപ്പിച്ചുകിടത്തേണ്ടതിന്റെ
വര്‍ണ്ണശാസ്ത്രം
വേറൊന്നാകുമോ?

Tuesday, May 12, 2009

ഉണ്മ

അഞ്ചാറെണ്ണംകഴിഞ്ഞാല്‍
കരച്ചിലടക്കാനാവുന്നില്ല

എന്തിനെന്നറിയാതെ
ഉള്ളിന്റെയുള്ളില്‍നിന്നും
ഒരുരുള്‍പൊട്ടല്‍
യുക്തിഭദ്രമായും
രഹിതമായും
ഈ പ്രതിഭാസത്തെ
വിശകലനം ചെയ്തു

ഒരുത്തരവും കിട്ടിയില്ല

ഒരു പക്ഷേ
ബോധം മറയുമ്പോഴാണോ
സുഹൃത്തേ
ഉണ്മ തെളിയുക?

















































Saturday, April 25, 2009

പത്താംദ്വാരം

കാണുന്നിടത്തും
കാണാത്തിടത്തും
ദ്വാരങ്ങള്‍:

വേണ്ടാത്തതൊക്കെയും
ചീറ്റിക്കളയാനും
തുപ്പാനും
തൂറാനും
മുള്ളാനും.........

പിന്നെന്തേ
ഓര്‍മ്മക്കുടലിന്റെയറ്റത്തുമാത്രമൊരു
ചെറുദ്വാരമിടാന്‍
തമ്പുരാനോര്‍ക്കാതെപോയത്‌?

Monday, March 30, 2009

ത്‌ഫൂ.....

മുഖത്തുതന്നെ

ലക്ഷ്യബോധമുള്ള
ലെബനീസ്‌പെണ്ണ്‌

എന്നാലും
മാതൃഭാഷയില്‍
മൊഴിഞ്ഞതിത്രവ്യക്തമായവളെങ്ങിനെ......

ഭൂമിയിലെയാണുങ്ങള്‍ക്കെല്ലാം
ഒരൊറ്റയക്ഷരമാലയായിരിയ്ക്കുമോ?