Monday, January 12, 2009

പരമാവധി സംഭവിയ്ക്കാവുന്നത്‌

ഇസ്രായേൽ
‍അതിന്റെ സര്‍വ്വ ആസക്തികളോടുംകൂടെ
പാലസ്തീനെ പ്രാപിയ്ക്കുകയാണ്‌.

പ്രതിഷേധിയ്ക്കാതെ വയ്യ.

നഗരത്തിന്റെ
തെക്കെയറ്റം മുതല്‍ വടക്കേയറ്റംവരെ
നടത്തിയ റാലിയില്‍,
ഇസ്രായേലിനെതിരെ
ശാന്തമായ വഴികളിലൂടെ
കുരച്ചലറിനടന്നു.

അപ്പോഴും
പാലസ്തീന്‍
ചങ്കുപൊട്ടി നിലവിളിച്ചുകൊണ്ടേയിരുന്നു.......

കൊടുംചൂടാണ്‌ പുറത്ത്‌.
വീട്ടീല്‍ തിരിച്ചെത്തി,
ഫ്രിഡ്ജില്‍നിന്നും
തണുത്തൊരു ബിയറെടുത്ത്‌ മോന്തി;
വല്ലാത്തൊരാശ്വാസം.

അപ്പോഴും
ഇസ്രായേല്‍ ടാങ്കുകള്‍
നീണ്ടനാക്കും നീട്ടി
ചോര നക്കിക്കുടിച്ചുകൊണ്ടേയിരുന്നു.....

കുളിച്ച്‌ ഫ്രഷായി
സോഫയില്‍ ചാഞ്ഞിരുന്ന്‌
ചാനലുകളോരോന്നായി മാറ്റി.
ദൈവമേ,
ഇന്നാണല്ലോ മെഗാസ്റ്റാറിന്റെ
ഉച്ചാടനപര്‍വ്വം;
ആരൊക്കെയാണാവോ പുറത്താവുക?

അപ്പോഴും
പാലസ്തീനില്‍
മൃത്യുമേഖല ശക്തിപ്രാപിച്ചുകൊണ്ടേയിരുന്നു........

റിയാലിറ്റി ഷോ കഴിഞ്ഞ്‌
കണ്ണീരൊപ്പി,
കോഴിക്കറിയും ചപ്പാത്തിയും കഴിച്ച്‌
കുടുംബപ്രാര്‍ത്ഥന നടത്തി
കെട്ടിപ്പിടിച്ചുറങ്ങാന്‍ കിടന്നു.

അപ്പോഴും
ജൂതവെടിയുണ്ടകള്‍
ജീവിതങ്ങള്‍ തുളച്ചുകൊണ്ടേയിരുന്നു.....

Monday, January 5, 2009

പരസ്യം

കുടിനീരിനായി
ചെങ്കല്‍മടയിലൊരു
കിണറുകുത്തി.

മുതലപ്പുഴയിലെ
മലിനജലമൊലിച്ചിറങ്ങാതിരിയ്ക്കാൻ
‍ചെങ്കല്ലുകൊണ്ട്‌
ചുറ്റുമതിലുംകെട്ടി.

ഞങ്ങളുടെ
വറ്റാത്ത സ്വപ്നമായിരുന്നു
ആ കിണര്‍.....

പക്ഷേ
ഋതുഭേദങ്ങളില്‍
കിണറിനും വേനലേറ്റു.

അതുകൊണ്ടാകാം,
മുതലപ്പുഴയില്‍നിന്നും
ചുറ്റുമതിലിനടിയിലൂടെ
കിണറുനടത്തിപ്പുകാരൊരു
രഹസ്യച്ചാലുകീറിയത്‌.

ചട്ടുകത്തലയന്‍

പൂന്തോട്ടമെന്ന്‌കരുതി
ഇഴഞ്ഞെത്തിയത്‌
ഉപ്പുപാടത്തിലായിരുന്നു...........







(Bipaliuym എന്ന്‌ ഇംഗ്ലീഷില്‍ വിളിയ്ക്കുന്ന
പരന്ന ശിരസ്സോടുക്കൂടിയ ഒരിനം പുഴുവാണ്‌
ചട്ടുകത്തലയന്‍. വിഷജീവിയല്ല. അതിമൃദുലദേഹം.
സാന്ദ്രത കൂടിയ കറിയുപ്പിലേയ്ക്ക്‌ ദേഹസ്രവങ്ങള്‍
നഷ്ടപ്പെടുമ്പോള്‍ (plasmosis) ചട്ടുകത്തലയന്‍
ചത്തുപോകുന്നു; ഒരുതരം അലിഞ്ഞില്ലാതാകല്‍.)

Wednesday, December 17, 2008

'വൃത്തികെട്ട മനം'

വൃത്തിയും വെടിപ്പും
എന്റെയൊരു weakness ആണ്‌.


ഇന്ന്‌ ശുചീകരണദിനം.


water tank-നുള്ളില്‍
നൂഴ്‌ന്നിറങ്ങി,
360 ഡിഗ്രിയിലൊരു
ശുദ്ധികലശം;


പിന്നെ
bedroom-ലെ
സ്നേഹച്ചുളിവുകള്‍ നിവര്‍ത്തി,
തലയണമന്ത്രങ്ങള്‍ക്കുമീതെ
ചൂടിനിയുമാറാത്ത
പുതപ്പുമടക്കിവച്ച്‌,


ഹാളിലെത്തി,
ചിതറിക്കിടന്ന
കുസൃതിപ്പാട്ടങ്ങളൊക്കെയും
cupboard-ലൊതുക്കി,


മുക്കിലുംമൂലയിലുമുള്ള
ഒരാഴ്ചമാത്രം പ്രായമായ
പൊടിക്കുഞ്ഞുങ്ങള്‍ക്കെല്ലാം
vacuum കൊടുത്ത്‌,


balcony-യുടെ
മങ്ങിയകാഴ്ചകളൊക്കെയും
തുടച്ചുമിനുക്കി,


അവളെയുംകൂട്ടി
അടുക്കളയില്‍
വൃത്തി വേവിച്ചെടുത്ത്‌,


വായില്‍നിന്ന്‌
വീണുണങ്ങിയ കറകളെല്ലാം
wash-basin-ല്‍നിന്നുരച്ചുനീക്കി,


Brush-ഉം Harpic-മായി
കുരുക്ഷേത്രയുദ്ധം നടത്തി
bathroom-ലെ തറയോടുകള്‍ക്കെല്ലാം
രക്തവര്‍ണ്ണം കൂട്ടി,


വൃത്തികേടെല്ലാം പൊതിഞ്ഞുകെട്ടി
Main door തുറന്ന്‌,
ഇടനാഴിയില്‍ സുഖിച്ചുപേക്ഷിച്ചിട്ട
ലഹരിക്കുറ്റികളൊക്കെയും തൂത്തുവാരുമ്പോള്‍,
ആത്മാര്‍ത്ഥമായും
എതിര്‍വശത്തെ അയല്‍ക്കാരനെയോര്‍ത്തു:
'വൃത്തികെട്ട പന്നീടെമോന്‍',


ഒടുവില്‍
വൃത്തികേടിന്റെ ഭാണ്ഢം,
താഴെ,
പ്രസാദത്തിനായി വണങ്ങിനില്‍ക്കുന്ന
'Use Me' ഭക്തന്റെ
ഉദരത്തിലേയ്ക്കിട്ട്‌,
വൃത്തിയുള്ളോരു ചിരിയുമായി
വീട്ടിലേയ്ക്ക്‌........


വാതില്‍തുറന്നതും
വല്ലാത്തൊരു നാറ്റം;


നാലുവയസ്സുകാരനെ വിളിച്ച്‌,
'അപ്പി കഴ്കീട്ട്‌ ശരിയ്ക്കും
കൈകഴുകീല്ലേ'ന്ന്‌
കുസൃതിക്കൈമണക്കുമ്പോള്‍,


'വൃത്തികെട്ട മനം,
അപ്പയിന്ന്‌ brush ചെയ്‌തില്ലാലേ'ന്നവന്‍
മൂക്കുപൊത്തുന്നു.........


ഒന്നും മിണ്ടിയില്ല.


പതുക്കെ
wash-basin-നടുത്തേയ്ക്കുനീങ്ങി,
tooth brush-ല്‍
Colgate-കൊണ്ടൊരു
പുഴുവിനെ സൃഷ്ടിച്ച്‌,
പല്ലായപല്ലിലൊക്കെ
നെടുകേയുംകുറുകേയും ഓടിച്ചുപതപ്പിച്ച്‌,
പതപ്പിച്ചുപതപ്പിച്ച്‌........
.......................................
.......................................

Thursday, December 11, 2008

അവള്‍

കാലത്തെഴുന്നേറ്റപ്പോള്‍
ഇന്നലെയുടെ ദുര്‍ഗന്ധമുണ്ടായിരുന്നില്ല;
എന്നിലൂടവള്‍ കടന്നുപോയിരിയ്ക്കാം....

Saturday, December 6, 2008

മുള്ള്

സ്വര്‍ഗത്തില്‍
സമരം നടത്തിയവര്‍ക്ക്
മണ്ണില്‍ മുള്ളുകളാവട്ടെയെന്ന്
ശാപം

തറച്ചമുള്ളുകള്‍
പുറത്തെടുക്കുവാന്‍
എരുക്കിന്‍പാലത്യുത്തമമെന്ന്
വിഷവൈദ്യന്‍ വര്‍ഗീസ്മാപ്ല

വെറുതേയല്ല തമ്പുരാന്‍
എരുക്കുകള്‍ക്ക്
ശ്മശാനംതന്നെ
പാട്ടത്തിനുകൊടുത്തത്

Thursday, December 4, 2008

നീറ്റല്‍

എന്തെങ്കിലും തരണേയെന്ന്‌
വാതില്‍ക്കലാരോ തേങ്ങിയപ്പോള്‍,
നോട്ടമേറ്റത്‌
ജീവിതംകലങ്ങിയ കണ്ണുകളിലായിരുന്നില്ല;

അവളുടെ നെഞ്ചിലെ
ഒറ്റക്കണ്ണന്‍ മാന്‍പേടകളിലായിരുന്നു.

അന്നെന്റെ
നെറ്റിമുറിച്ച നാണയത്തുട്ട്‌
നെഞ്ചിലിന്നുമുരുളുകയാണ്‌....